ഗുരുവായൂരില്‍ എസ്.ഐയെ ചവിട്ടിവീഴ്ത്തി, വാഹനമോടിച്ചു കയറ്റി എസ്.ഐയെ അപായപ്പെടുത്താന്‍ ശ്രമം. പോലീസ് സ്‌റ്റേഷനില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായെത്തി രണ്ടര മണിക്കൂറോളം അക്രമം അഴിച്ചുവിട്ട പ്രതി പിടിയില്‍. പ്രതി രണ്ടര മണിക്കൂറോളം സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്‌ഐയെ ചവിട്ടിവീഴ്ത്തുകയും മണ്‍വെട്ടി ഗ്രേഡ് എസ്‌ഐയുടെ തലയ്ക്കു നേരെ വീശുകയും വാഹനമോടിച്ചു കയറ്റി എസ്‌ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്‍റെ ഗേറ്റ് തല്ലിത്തകര്‍ക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തിയത്. കൂനംമൂച്ചി തരകന്‍മേലെയില്‍ വിന്‍സന്‍ (മണ്ടേല 50) ആണ് അറസ്റ്റിലായത്. കണ്ടാണശ്ശേരി പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളുണ്ടായത്. വിന്‍സന്‍ നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നുകാട്ടി കൂനംമൂച്ചി മണപ്പറമ്പില്‍ സന്തോഷ് പോലീസിനു പരാതി നല്‍കിയിരുന്നു. സന്തോഷിനോടും വിന്‍സനോടും കഴിഞ്ഞ ദിവസം രാവിലെ 10നു സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് 10 മണിയോടെ എത്തിയെങ്കിലും വിന്‍സന്‍ എത്തിയില്ല. 12 മണിയോടെ കാറിലെത്തിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം നിര്‍ത്തിയശേഷം പിന്‍സീറ്റ് തുറന്നു വളര്‍ത്തുനായയെ അഴിച്ചുവിടാന്‍ ശ്രമിച്ചു. ഉഗ്രശബ്ദത്തില്‍ നായ കുരച്ചു ബഹളമുണ്ടാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കം ഭീതിയിലായിപ്പോയി. സ്റ്റേഷനിലെത്തിയ പലരും പുറത്തേക്കോടി. മറ്റുള്ളവരുടെ നേര്‍ക്കു നായയെ അഴിച്ചുവിടാനായി വിന്‍സന്‍ ശ്രമിച്ചെങ്കിലും നായ കാറില്‍ നിന്നിറങ്ങാതിരുന്നതു വലിയ അപകടം ഒഴിവാക്കി. ഇതിനിടെ പോലീസുകാര്‍ക്കു നേരെയും പരാതിക്കാരനു നേരെയും വിന്‍സന്‍ അസഭ്യവര്‍ഷം തുടങ്ങുകയും ചെയ്തു. ഇതിനുശേഷം കാറുമായി കടന്നുകളയാന്‍ പ്രതി ശ്രമിച്ചപ്പോള്‍ പോലീസ് ഗേറ്റ് അടച്ചിട്ടു. കാറില്‍ നിന്നിറങ്ങിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന മണ്‍വെട്ടിയുമായെത്തി ഗേറ്റ് തകര്‍ത്തു. മതിലില്‍ ഇടിച്ച കാറിന്‍റെ പിന്‍ഗ്ലാസ് തകര്‍ന്നു. ഗ്രേഡ് എസ്‌ഐ ഗോപിനാഥന്‍റെ തലയ്ക്കു നേരെ മണ്‍വെട്ടി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് എസ്‌ഐയെ ചവിട്ടി വീഴ്ത്തി. മറ്റു പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ നോക്കിയെങ്കിലും അക്രമം തുടര്‍ന്നു. എസ്‌ഐമാരായ വിന്‍സന്‍റ്, സജീവന്‍ എന്നിവര്‍ക്കു നേരിയ പരുക്കേറ്റു. പരാക്രമം നടക്കുന്നതിനിടെ വളര്‍ത്തുനായ ഒരുവട്ടം കാറിനു പുറത്തിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. പോലീസുകാര്‍ തന്നെ നായയെ സുരക്ഷിതമായി ബന്ധിച്ചു വിന്‍സന്‍റെ വീട്ടുകാര്‍ക്കു കൈമാറുകയും ചെയ്തു. പ്രതിയെ റിമാന്‍ഡിലാക്കി. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.