മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇവയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരവും നൽകും. ഇതോടെ വ്യാവസായിക മേഖല പുതിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേളകളും നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. നിയമസഭയിൽ സംസാരിക്കവേ വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതികളുടെ ഭാഗമായി എറണാകുളത്ത് സംരംഭക സംഗമം നടത്തും. 98,834 സംരംഭങ്ങള്‍ പുതുതായി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും 6106.71 കോടി രൂപയുടെ നിക്ഷേപവും 2,15,522 തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി എന്നും മന്ത്രി കൂട്ടിച്ചേർത്തു . അടുത്ത വര്‍ഷം ഓരോ മാസവും പുതിയ പ്രൊജക്ട് കെല്‍ട്രോണ്‍ പുറത്തിറക്കും. 1000 കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണിനെ മാറ്റും. കൈത്തറി മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കൈത്തറി മേഖലയെ കുറിച്ച് പഠിക്കാന്‍ നിശ്ചയിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.