നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാര്‍ഡുകളിലും മെറ്റല്‍ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളെയാണ് അധികൃതർ പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തത്.
46 കടകളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയിരുന്നു. 17 പ്രവാസി തൊഴിലാളികളെ ഇവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പിന്റെയും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും വ്യവസായ – വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിയത്.പിടിയിലാവരെല്ലാം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അന്‍പതിലധികം പ്രവാസികളെ അറസ്റ്റ് ചെയ്തു.