മലയാളികളുടെ പ്രിയ കവയത്രി ബാലാമണിയമ്മയുടെ 113-ാം ജന്മദിനത്തിൽ, കവയത്രിയെ അനുസരിച്ച് ഗൂഗിൾ ഡൂഡിൽ ഒരുക്കി ഗൂഗിൾ. ബാലാമണിയമ്മയ്ക്കായി പ്രത്യേക ഗ്രാഫിക് ചിത്രമാണ് ഗൂഗിൾ ഡൂഡിൽ ഒരുക്കിയത്. മാതൃത്വത്തിന്റെ കവിയത്രി എന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയെ മലയാള സാഹിത്യത്തിന്റെ മുത്തശ്ശിയായും പറയാറുണ്ട്. മലയാള സാഹിത്യത്തിനായി ബാലാമണിയമ്മ നൽകിയ അനശ്വര കൃതികളിൽ ഏറ്റവും കൂടുതൽ ഉയർന്ന് നിന്നത് മാതൃസ്നേഹവും വാത്സല്യവും ഒക്കെയായിരുന്നു. ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി ആണ് ബാലാമണിയമ്മ ജനിച്ചത്. മലയാള സാഹിത്യ ലോകത്തിന് ബാലാമണിയമ്മയുടെ സംഭാവനകൾക്ക് പകരം വെക്കാൻ കഴിയില്ല. ബാല്യം മുതൽ തന്നെ കവിതകൾ എഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിത 21-ാം വയസിലാണ് പ്രസിദ്ധീകരിച്ചത്.തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ 1909 ലാണ് നാലപ്പാട്ട് ബാലാമണിയമ്മ ജനിച്ചത്. മലയാളത്തിലെ പ്രശസ്ത കവിയായ നാലപ്പാട്ട് നാരായണമേനോന്റെ പെങ്ങളുടെ മകളായിരുന്നു നാലപ്പാട്ട് ബാലാമണിയമ്മ. ബാലാമണിയമ്മയ്ക്ക് ഔപചാരികമായി വിദ്യാഭ്യാസം ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ അമ്മാവനായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും അദ്ദേഹം നൽകിയ മാർഗനിർദ്ദേശങ്ങളുമാണ് ബാലാമണിയമ്മയെ എഴുത്തിന്റെ ലോകത്തേക്ക് നയിച്ചത്. തുടർന്ന് 19-ാം വയസിൽ ബാലാമണിയമ്മ വിവാഹിതയാകുകയും ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെയാണ് ബാലാമണിയമ്മ വിവാഹം ചെയ്തത്. 1928 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബാലാമണിയമ്മയുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. 1930 ലാണ് ബാലാമണിയമ്മയുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. കൂപ്പുകൈ എന്ന കവിതയാണ് അന്ന് പ്രസിദ്ധീകരിച്ചത്. തുടർന്ന് ബാലാമണിയമ്മയുടെ നിരവധി കവിതകൾ ലോക കണ്ടു. തുടർന്ന് 1947 ൽ കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാൻ ബാലാമണിയമ്മയെ ‘സാഹിത്യനിപുണ’ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു. മാതൃ സ്നേഹവും വാത്സല്യവും തുളുമ്പി നിന്ന് കവിതകൾ മലയാളികളുടെ മനസിലും ഇടം നേടിയിരുന്നു. തന്റെ കാവ്യ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ബാലാമണിയമ്മയെ തേടിയെത്തിയിരുന്നു. 1977 ലാണ് ബാലാമണിയമ്മയുടെ ഭർത്താവ് വിഎം നായർ അന്തരിക്കുന്നത്. പ്രശസ്ത സാഹിത്യകാരിയായിരുന്ന മാധവികുട്ടി അടക്കം ഇരുവർക്കും നാല് മക്കൾ ഉണ്ടായിരുന്നു. അമ്മയുടെ പാത പിന്തുടർന്ന് കമല സുരയ്യ എന്ന മാധവിക്കുട്ടി മലയാളത്തിലും ഇംഗ്ലീഷിലും പ്രശസ്തമായ നിരവധി രചനകൾ എഴുതിയിട്ടുണ്ട്.