ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാൻ തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന ‘കോടതി വിളക്കി’ൽ നിന്ന് വിട്ടു നിൽക്കാനാണ് നിർദേശം. ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരാണ് നിർദേശം നൽകിയത്.
ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും ഇതെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ വിലയിരുത്തി. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.