സപ്ലൈകോ ഔട്ട്ലറ്റ്ലെറ്റുകളിൽ നിന്നും സബ്സിഡി സാധനങ്ങൾ വാങ്ങാൻ ഇന്നു മുതൽ ബാർകോഡ് സ്കാനിങ്ങ് സംവിധാനം.
റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ബാർകോഡ് സ്കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്കാൻ ചെയ്തുമാത്രം നൽകാൻ സപ്ലൈകോ സി എം ഡി ഡോ സഞ്ജീബ് പട്ജോഷി നിർദേശം നൽകി.
സപ്ലൈകോയുടെ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും ഇന്നുമുതൽ ഇതുപാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷൻ കാർഡ് നമ്പർ നൽകി സബ്സിഡി ദുരുപയോഗം ചെയ്യുന്നതുസംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.
ബാർകോഡ് സ്കാനർ ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യതയും കുറയും. സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡോ, മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ റേഷൻകാർഡോ ഹാജരാക്കണം.
സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും വരുംദിവസങ്ങളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു.