രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ കുറവാണ്. ഡിസംബര്‍ മാസത്തില്‍ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.