ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്ന് ഉപഭോക്താകള്‍ക്ക് കെഎസ്ഇബിയുടെ നിര്‍ദേശം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഡിജിറ്റല്‍ പേയ്‌മെന്‍റായി മാത്രം പണം സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. അടുത്ത തവണ മുതല്‍ ഇത് നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബുദ്ധിമുട്ടുള്ളവര്‍ക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിര്‍ത്തലാക്കും. തീരുമാനം എല്ലാ തരം ഉപഭോക്താക്കള്‍ക്കും ബാധകമാണ്. നിലവില്‍ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.