ബ്രിട്ടന്‍റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റിവ് എം.പിമാര്‍ക്കിടയിലെ വോട്ടെടുപ്പിന്‍റെ അവസാന റൗണ്ടിലും ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി.
നാലാം റൗണ്ടില്‍ ലഭിച്ചതിനെക്കാള്‍ 19 വോട്ട് കൂടുതല്‍ നേടി 137 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ റൗണ്ടിനെക്കാള്‍ 27 വോട്ടുകള്‍ അധികം നേടിയ ലിസ് ട്രസ് (113) ആണ് രണ്ടാമത്. എംപിമാര്‍ക്കിടയിലെ വോട്ടെടുപ്പിന്‍റെ അവസാന റൗണ്ടായ ഇന്നലെ 105 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയ പെനി മോര്‍ഡന്‍റ് മത്സരത്തില്‍നിന്നു പുറത്തായി. അവസാന റൗണ്ടിലെത്തിയ 2 പേരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനുള്ള അവകാശം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കാണ്. ഇതിനായി 1.6 ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചു തുടങ്ങി. ബാലറ്റ് തിരികെ അയയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 2 ആണ്. വേനലവധിക്കു ശേഷം പാര്‍ലമെന്‍റ് സമ്മേളിക്കുന്ന സെപ്റ്റംബര്‍ 5ന് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും. എം.പിമാരുടെ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയതോടെ ഋഷിയുടെ ക്യാംപില്‍ ആവേശമേറി. അതേസമയം, അവസാന റൗണ്ടില്‍ അപ്രതീക്ഷിത പിന്തുണ ലഭിച്ച ലിസ് ട്രസ് 27 വോട്ടുകള്‍ അധികം നേടിയത് പാര്‍ട്ടി അംഗങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിച്ചേക്കും. വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത ലിസ് ട്രസ് നികുതി ഇളവുകള്‍ക്കു മുന്‍ഗണന നല്‍കുന്ന സാമ്ബത്തിക പരിഷ്കാരമാണു വാഗ്ദാനം ചെയ്യുന്നത്.