Crime

ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച കേസിൽ ജ്വല്ലറി ഉടമ അറസ്റ്റിൽ.

Published

on

പെരിഞ്ഞനം മൂന്നുപീടികയിൽ പ്രവർത്തിച്ചിരുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറി ഉടമ മതിലകം തൃപ്പേക്കുളം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ സലിം (58) നെയാണ് കയ്പമംഗലം പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. 2008 ൽ ആരംഭിച്ച ജ്വല്ലറിയിലേക്ക് പലരിൽ നിന്നായി സ്വർണവും പണവും ഉൾപ്പെടെ വൻ തുക നിക്ഷേപമായി ഇയാൾ സ്വീകരിച്ചിരുന്നു. ലാഭവിഹിതമായി പണവും, സ്വർണ്ണവും നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യകാലങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെങ്കിലും പിന്നീട് ഒന്നും തന്നെ നിക്ഷേപകർക്ക് ലഭിക്കാതെയായി. നിക്ഷേപിച്ച പണവും സ്വർണ്ണവും തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരിൽ ചിലർ സമീപിച്ചെങ്കിലും സലിം ബിസിനസ് നഷ്ടമാണെന്ന് കാണിച്ച് തുക നൽകിയില്ല. ഇതിനിടെ 2020ൽ ജ്വല്ലറിയിൽ മോഷണം നടന്നെന്നും ഭിത്തി തുരന്ന് മൂന്നര കിലോ സ്വർണം കവർന്നെന്നും ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് വ്യാജമായിരുന്നെന്ന് കണ്ടെത്തി. പിന്നീട് പണവും സ്വർണവും തിരികെ കിട്ടാൻ നിക്ഷേപകർ പലവട്ടം സലിമിനെ സമീപിച്ചെങ്കിലും ജ്വല്ലറിയിൽ മോഷണം നടന്നെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. മലപ്പുറം, തൃശൂർ, എറണാംകുളം ജില്ലകളിൽ നിന്നായി 25 ഓളം പേർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന സ്വർണവും, അത്രയും തന്നെ പണവും ഇയാൾ നിക്ഷേപകർക്ക് നൽകാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ മാരായ കെ.എസ്.സുബീഷ് മോൻ, എം.ആർ.കൃഷ്ണപ്രസാദ്, സീനിയർ സി.പി.ഒ മാരായ ടി.എം.വഹാബ്, സി.എം.മുഹമ്മദ് റാഫി, പി.കെ.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version