Malayalam news

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം.

Published

on

കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ എൻ.ജി.ജയിംസ് (61) ആണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. സമീപത്തെ കവലയിൽ നടത്തുന്ന ചായക്കട തുറക്കാനായി പോകുകയായിരുന്നു ജയിംസ്. ഈ സമയം ജയിംസ് സഞ്ചരിച്ച അതേ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കാറിന്റെ മുകളിലേക്ക് തെറിച്ചുവീണ ജയിംസിനെയും കൊണ്ട് 20 മീറ്ററിൽ അധികം മുന്നോട്ടുപോയ ശേഷമാണ് കാർ നിന്നത്.ഇതിനിടയിൽ സമീപത്തെ കലുങ്കിന്റെ കൽക്കെട്ടിലും എതിർ ദിശയിൽ വന്ന യുവാവിന്റെ ബൈക്കിലും സമീപത്തെ വീടിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന 2 ഇരുചക്രവാഹനങ്ങളിലും കാർ ഇടിച്ചു. 3 വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ജയിംസിനെ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയിംസിന്റെ സംസ്കാരം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ:കുഞ്ഞുമോൾ.മലയാലപ്പുഴ തൈപ്പറമ്പിൽ രജിഷ് (36) ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം മറ്റൊരു യുവതിയും കാറിലുണ്ടായിരുന്നു. ഇവർക്കും അപകടത്തിൽ പരുക്കേറ്റു. കാർ പൂർണമായും തകർന്നു. കാറിനുള്ളിൽനിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. പരിശോധനയിൽ രജിഷ് മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവതിയെ, ബന്ധുക്കളെ വരുത്തി അവർക്കൊപ്പം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version