സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സൂചന. നേരത്തെ ജൂലൈ ആദ്യം ഫലം പുറത്ത് വരുമെന്ന സൂചന പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിരുന്നില്ല. സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, ഡിജിലോക്കർ, എസ്എംഎസ് എന്നിങ്ങനെ മൂന്ന് വഴികളിലൂടെ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. പത്താം ക്ലാസ് ഫലത്തിന് പിന്നാലെ പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലം വരുമെന്നാണ് ലഭിക്കുന്ന സൂചന. 21 ലക്ഷത്തോളം വിദ്യാർഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ രണ്ട് ടേമുകളിലായാണ് പത്താം ക്ലാസ് പരീക്ഷ ഇത്തവണ നടന്നത്. 30 ശതമാനം മാർക്കാണ് ജയിക്കാൻ വേണ്ടത്. വിവിധ കോളേജുകളിലേക്കുള്ള അഡ്‌മിഷനും മറ്റും കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ഫലം വൈകാതെ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചിരുന്നു.