സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് വിജയം. ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പന്ത്രണ്ടാം ക്ലാസ് ഫലം സിബിഎസ്ഇ പ്രഖ്യാപിച്ചത്. പത്താം ക്ലാസ് ഫലവും ഇന്ന് തന്നെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ് 98.83 ശതമാനം. രണ്ടാമത് ബെംഗളൂരു മേഖല. ഇവിടെ 98.16 ശതമാനമാണ് വിജയം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ആൺകുട്ടികളുടെ വിജയ ശതമാനം 91.25 ശതമാനമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനമാണ് വിജയം.ഇന്ന് രാവിലെ 9 മണിയോടെയാണ് സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 10 മണിമുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റ് മുഖേന ലഭ്യമാകുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും. ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയായിരുന്നു സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടന്നിരുന്നത്.