ചാലക്കുടി നഗരസഭ രൂപീകൃതമായിട്ട് 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ചുള്ള ആഘോഷത്തിൻ്റെ ഭാഗമായി വിജയോത്സവം പരിപാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. കലാഭവൻ മണി സ്മാരക പാർക്കിൽ നടന്ന പരിപാടിയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. കൂടാതെ സി ബി എസ് സി, ഐ സി ഐ സി സിലബസുകളിൽ എല്ലാ വിഷയങ്ങളിലും തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികളെയും അനുമോദിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും മെമൻ്റോകൾ നൽകി. വിവിധ മേഖലകളിൽ സംസ്ഥാന തലത്തിൽ മികവ് പുലർത്തിയവരേയും ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ നഗര സഭ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു. തുടർന്ന് ചാലക്കുടിയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ കലാസന്ധ്യയും നടന്നു.നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കവാടി, ആശാ പ്രവർത്തകർ എന്നിവരും കലാപരിപാടികളിൽ പങ്കാളികളായി.