ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ നിന്നായി വൻ സ്പിരിറ്റും അനധികൃത വിദേശമദ്യവും പിടികൂടി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചാലക്കുടി പോലീസും ചേർന്നു ചാലക്കുടി കോടതി ജംഗ്ഷനിൽ വച്ച് അറുന്നൂറോളം ലിറ്റർ സ്പിരിറ് പിടികൂടി. വെള്ളാംചിറ കാരൂർ സ്വദേശിയുമായ ചൂളക്കടവിൽ വീട്ടിൽ കമറുദീൻ (38) ആണ് കാറിൽ സ്പിരിറ്റ് കടത്തവേ പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ടൊയോട്ട എറ്റിയോസ് കാറിൽ പതിനഞ്ച് ക്യാനുകളിലാക്കിയാണ് സ്പിരിറ്റ് അങ്കമാലിയിൽ നിന്നും കുതിരാനിലേക്ക് കൊണ്ടു പോയിരുന്നത്. കമറുദീനെ ചോദ്യം ചെയ്തതിൽ സ്പിരിറ്റിന്റെ ഉറവിടം അങ്കമാലിയിലെ ഒരു പ്രവാസിയുടെ ഉടമസ്ഥലുള്ള വാടക വീടാണെന്ന് അറിഞ്ഞു.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ, ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വിനയ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഗോഡൗണിൽ വിതരണത്തിനായി വാഹനത്തിൽ സൂക്ഷിച്ചിരുന്നതും ഗോഡൗണിൽ ഉണ്ടായിരുന്നതുമായ രണ്ടായിരത്തി അഞ്ഞൂറോളം ലിറ്റർ സ്പിരിറ്റും , ഗോഡൗണിൽ പ്രവർത്തിച്ചിരുന്ന അനധികൃത വിദേശമദ്യ ഉത്പാദന യൂണിറ്റും വിതരണത്തിനായി ഉണ്ടാക്കി സൂക്ഷിച്ചിരുന്ന രണ്ടായിരം ലീറ്ററോളം അനധികൃത വിദേശ മദ്യവും, വിദേശമദ്യം ഉണ്ടാക്കുവാനായി തയ്യാറാക്കിയിരുന്ന യന്ത്രസാമഗ്രികൾ, കുപ്പികൾ, സ്റ്റിക്കറുകൾ, പിക്കപ്പ് വാൻ എന്നിവയും പിടിച്ചെടുത്തു. കേരള പോലീസിന്റെ സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ്, അനധികൃത മദ്യ വേട്ടയാണിത്. സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ചും വ്യാജ ബോട്ടിലിംഗിലും, വിതരണത്തിലും ഉൾപ്പെട്ടവരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു