വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചാവക്കാട് ബീച്ച് അണിഞ്ഞൊരുങ്ങി. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികള്‍ ബീച്ചിൽ നടപ്പിലാക്കിയത്. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഇതിലെ മുഖ്യ ആകര്‍ഷണം. ബീച്ചിലെത്തുന്ന കുരുന്നുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന രീതിയിലാണ് പുതിയ കളിസ്ഥലമായ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഊഞ്ഞാല്‍, സ്ലൈഡ് തുടങ്ങിയവയും ഇരിപ്പിടത്തിനായി വിശാലമായ ഗ്യാലറിയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ബ്ലോക്കും നിലവിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു.
വാണിജ്യ-വിപണനത്തിനും ലഘു ഭക്ഷണശാലയ്ക്കുമായി ഒരു ബ്ലോക്കില്‍ അഞ്ച് ഷോപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഒട്ടേറെ തൊഴില്‍ സാധ്യതകളും ബീച്ച് ടൂറിസം പ്രധാനം ചെയ്യുന്നു. ജൈവ മാലിന്യത്തെ വളമാക്കുന്നതിനായി തുമ്പൂര്‍ മൊഴി മാതൃകയില്‍ വേയ്സ്റ്റ് കമ്പോസ്റ്റ് യൂണിറ്റും അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേയ്സ്റ്റ് കളക്ഷന്‍ സെന്ററും ഉണ്ട്. അമൂല്യമായ ജലം പാഴാക്കാതിരിക്കാന്‍ മഴ വെള്ള സംഭരണ ടാങ്കും കുടിവെള്ള ലഭ്യതക്കായി വാട്ടര്‍ കിയോക്‌സുകളും തയ്യാറാക്കിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കാനെത്തുന്നവര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ കടല്‍ തീരം ആസ്വദിക്കാന്‍ കഴിയുന്ന 17 ഇരിപ്പിടങ്ങള്‍, വിളക്കുകള്‍ എന്നിവയെല്ലാം ടൂറിസത്തിന്റ മനോഹാരിത വര്‍ധിപ്പിക്കുന്നു. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു രണ്ടാം ഘട്ട നിര്‍മ്മാണ ചുമതല. ചാവക്കാട് ബീച്ച് ടൂറിസം രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ച് വിനോദ സഞ്ചാരികള്‍ക്ക് എല്ലാ സൗകര്യങ്ങളോടെ ഉടന്‍ തന്നെ തുറന്ന് നല്‍കുമെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ പറഞ്ഞു. 2016 ലാണ് വിനോദ സഞ്ചാരപാത തുറക്കുന്നതിനായി ചാക്കാട് ബീച്ചില്‍ വിവിധ വികസന പദ്ധതികള്‍ ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവര്‍ത്തനത്തിലൂടെ ബീച്ചിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിഞ്ഞു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1.46 കോടിയും മുന്‍ എംഎല്‍എ കെ വി അബ്ദുല്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 24 ലക്ഷവും അനുവദിച്ചിരുന്നു.