Local

ചാവക്കാട് നഗരസഭയുടെ 36.72 കോടിയുടെ പദ്ധതികൾക്ക് ഡി പി സി അംഗീകാരം

Published

on

ചാവക്കാട് നഗരസഭയിൽ 36.72 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം. കേന്ദ്ര -സംസ്ഥാന ഫണ്ടുകൾ, വായ്പ, കേന്ദ്രാവിഷ്കൃത ഫണ്ടുകൾ ഉൾപ്പെടെ 278 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. വിവിധ വനിതാ ഘടക പദ്ധതികൾക്കായി 37.80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളായ വനിതകൾക്ക് നൂറ് ശതമാനം സബ്സിഡിയോടെ മെനുസ്ട്രുവൽ കപ്പ് വിതരണം, സ്വയം തൊഴിൽ ഗ്രൂപ്പ് സംരംഭത്തിനായി സബ്സിഡി പദ്ധതികൾ, വനിത ഹെൽത്ത് ക്ലബ്ബ് വിപുലീകരണം തുടങ്ങി പ്രവർത്തനങ്ങൾ വനിതകൾക്ക് വേണ്ടി നടപ്പാക്കും. കുട്ടികൾക്കും ഭിന്നശേഷി വിഭാഗക്കാർക്കുമായി 22.78 ലക്ഷ രൂപയാണ് വകയിരുത്തിയത്. വിദ്യാർത്ഥികൾക്കായി റമഡിയൽ കോച്ചിങ്ങ്, എസ് എസ് എൽ സി, പ്ലസ് ടൂ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് , ബഡ്സ് സ്കൂളിനായി സ്ഥലം വാങ്ങൽ സ്റ്റുഡൻസ് പൊലിസ് കേഡറ്റ് പരിശീലനത്തിന് ധനസഹായം, ബാലസഭ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള വികസന പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് വേണ്ടി നടപ്പാക്കുക. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വയോമിത്രം, വയോ ക്ലബ്ബുകൾ എന്നിവയ്ക്ക് വേണ്ടി 27.51 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുടിവെള്ളം, ശുചിത്വം എന്നീ മേഖലകളുടെ വികസന പ്രവർത്തനങ്ങൾക്കായി 1.26 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. പാർപ്പിട മേഖലയ്ക്ക് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അഭ്യസ്ത വിദ്യരായ എസ് സി യുവജനങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version