പ്രകൃതി ക്ഷോഭ ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടാൻ സാധിക്കുന്നതാണ് സീ റെസ്ക്യൂ ബോട്ടുകൾ. ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഏർപ്പെടുത്തുക എന്നത് മത്സ്യതൊഴിലാളികളുടെ നിരന്തരമായ ആവശ്യമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എൽ.എ എൻ.കെ അക്ബർ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആഗസ്റ്റ് 15 വരെ താൽക്കാലികമായി ബോട്ട് ഏർപ്പെടുത്തിയത്. ടെണ്ടർ നടപടികൾ പൂർത്തിയാവുന്നതോടെ സ്ഥിരമായി സീ റെസ്ക്യൂ ബോട്ട് സംവിധാനം ഏർപ്പെടുത്തും. തീരദേശ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുമെന്ന് എം.എൽ.എ അറിയിച്ചു.
ജില്ലയിലെ ഏക ഹാർബർ ചേറ്റുവയിലാണ് സ്ഥിതി ചെയ്യുന്നത്. ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഇല്ലാത്തതിനാൽ അപകടം സംഭവിക്കുമ്പോൾ അഴീക്കോട് നിന്നാണ് രക്ഷാദൗത്യ സംഘം എത്തിയിരുന്നത്. അഴീക്കോട് നിന്ന് റെസ്ക്യൂ ഫോഴ്സ് എത്തുന്നതിന് നാല് മണിക്കൂറിലധികം സമയം എടുക്കുന്നതിനാൽ അപകടത്തിൽ പെടുന്നവരെ ഉടനടി രക്ഷപ്പെടുത്തുക പ്രയാസകരമായിരുന്നു. ഈ പ്രതിസന്ധിക്ക് കൂടിയാണ് ഇതോടെ പരിഹാരമാകുന്നത്.