പേരുമാറ്റിയ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ സന്ദര്‍ശകരായി സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും ‘അമൃത്’ ഉദ്യാനില്‍ എത്തിയത്. രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്‍ അമൃത് ഉദ്യാന്‍ എന്ന് പേര് മാറ്റയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തണുക്കും മുമ്പെയാണ്, ഉദ്യാനത്തിലേക്ക് പ്രത്യേക ക്ഷണിതാക്കളായി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജഡ്ജിമാരും അവരും കുടുംബാംഗങ്ങളുമെത്തിയത്.ഫോട്ടോയെടുത്തും ഉദ്യാനത്തിലെ വിരിഞ്ഞ് നില്‍ക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിച്ചും സാധാരണ വിനോദ സഞ്ചാരികളെപ്പോലെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരും കുടുംബാംഗങ്ങളും ഏതാനും സമയം ചെലവഴിച്ചു. ഭാര്യയ്ക്കും ദത്തെടുത്ത് വളര്‍ത്തുന്ന ഭിന്നശേഷിക്കാരായ പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു ചീഫ്ജസ്റ്റിസ് എത്തിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ജഡ്ജിമാരെ കാണാന്‍ ഉദ്യാനത്തിലെത്തി. ചീഫ്ജസ്റ്റിസ് രാഷ്ട്രപതിയെ സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് ജഡ്ജിമാരും കുടുംബാംഗങ്ങളും മടങ്ങിയത്.