1977ൽ പിണറായി വിജയൻ നിയമസഭയിലെത്തിയത് ആർഎസ്എസ് പിന്തുണയോട് കൂടിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരാണ് കേരള രാഷ്ട്രീയത്തിൽ ആർഎസ്എസ്സിനെ ഒട്ടി നിന്നത് എന്ന് ചോദിച്ചുകൊണ്ട് ചരിത്രം വിവരിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശന് മറുപടി നൽകിയത്. ജനതാ പാർട്ടിയിൽ പ്രവർത്തിച്ച ചരിത്രമുള്ള നേതാവാണ് ഇന്നത്തെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെന്ന് പിണറായി ചൂണ്ടിക്കാട്ടി. 1960ലെ തെരഞ്ഞെടുപ്പ് കാലത്തെ ജനസംഘത്തിന്‍റെ പ്രവർത്തനങ്ങൾ മുതലുള്ള ചരിത്രമാണ് പിണറായി വിജയൻ വിവരിച്ചത്.കൂത്തുപറമ്പിൽ മത്സരിച്ച താനെങ്ങനെ കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകും എന്നും അദ്ദേഹം ചോദിച്ചു.കേരളത്തിൽ ജനസംഘം പട്ടാമ്പിയിൽ ഇ എം എസിനെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. അന്ന് പരസ്യമായാണ് കോൺഗ്രസിന് ജനസംഘം പിന്തുണ നൽകിയത്. ദീനദയാൽ ഉപാധ്യായ അന്ന് നേരിട്ട് വന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.. 1977 ലും താൻ കൂത്തുപറമ്പിൽ മത്സരിച്ചു. കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ അടിയന്തരാവസ്ഥ കാലത്ത് ജനത പാർട്ടി ഭാരവാഹി വരെ ആയിരുന്നു. കെ ജി മാരാർ മത്സരിച്ചപ്പോൾ ഉദുമയിൽ കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ആർ എസ് എസ് വിശേഷണം കെ സുധാകരനാണ് ചേരുക. കൂത്തുപറമ്പിൽ മത്സരിച്ച താൻ എങ്ങനെ കെ ജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി കോമൺ സെൻസുള്ള കാര്യങ്ങളല്ലേ പറയേണ്ടത് എന്നും പറഞ്ഞു.