ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. പുതിയതായി ചിറ്റൂര്‍ ജില്ലയില്‍ നിര്‍മിച്ച കാര്‍ത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ ഡോക്ടര്‍ രവി ശങ്കര്‍ റെഡ്ഡി, മക്കളായ സിദ്ധാര്‍ഥ റെഡ്ഡി (12) കാര്‍ത്തിക (6) എന്നിവരാണ് മരിച്ചത്.തീപ്പിടുത്തമുണ്ടായ സമയത്ത് കുടുംബം ഉറങ്ങുകയായിരുന്നു. ആശുപത്രി സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. പുക നിറഞ്ഞ് കാഴ്ച മങ്ങി തീയിലേക്ക് വീണ് പൊള്ളലേറ്റതാകാമെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടികള്‍ ഉറങ്ങുകയായിരുന്ന മുറിയുടെ വാതില്‍ പൊളിച്ചുനീക്കിയാണ് പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.രവിശങ്കറിന്റെ ഭാര്യ ഡോ. അനന്തലക്ഷ്മിയേയും അവരുടെ അമ്മയേയും രക്ഷിക്കുവാനായി.