Local

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; യുവ എഴുത്തുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

Published

on

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ ആദ്യ പരാതിയെ തുടർന്നെടുത്ത കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദളിത് സംഘടനകളുടെ മുന്നറിയിപ്പ്.
സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന നൂറ് പേര്‍, പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം എഴുത്തുകാർ ഇപ്പോഴും സിവിക്കിന് പിന്തുണയുമായി രംഗത്തുണ്ട്. പീഡന പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിലില്‍ പുസ്തക പ്രസാധന ചടങ്ങിന് മുന്നോടിയായുള്ള കൂടിചേരലിനിടെയാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്‌ആപ്പ് ​ഗ്രൂപ്പിലാണ് ലൈം​ഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി തുറന്നുപറഞ്ഞത്.സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു യുവതി ആരോപണം ഉന്നയിച്ചത്. ഈ രണ്ടു പേരിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. സിവിക് ചന്ദ്രനെതിരെ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി. പരാതിക്കാരിയിൽനിന്നും സാക്ഷികളായ ആളുകളിൽനിന്നും പൊലീസ് മൊഴിയെടുത്തു. വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളിൽനിന്നും പൊലീസ് മൊഴി എടുക്കുന്നുണ്ട്. സംഭവസ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version