കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പോലീസ് ജീപ്പിന്‍റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. പോലീസ് അഭിഭാഷകനെ അതിക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം. കൊല്ലം ബാറിലെ അഭിഭാഷകനായ കരുനാഗപ്പള്ളി സ്വദേശി എസ് ജയകുമാറാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് ജയകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടെന്നാണ് പോലീസ് പറയുന്നത്. സെല്ലില്‍ കിടക്കുമ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ജയകുമാര്‍ സെല്ലില്‍ ആഞ്ഞുചവിട്ടുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.