കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി. കോഴിക്കോടെത്തിയ കൊറിയൻ യുവതിയാണ് പീഡനത്തിനിരയായത്. മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ടൗണ്‍പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറാണ് പീഡന വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് മതിയായ രേഖകൾ ഇല്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ പൊലീസ് പിടികൂടിയിരുന്നു. ശേഷം വിമാനത്താവളത്തിലെ സുരക്ഷാ സേനയ്ക്ക് കൈമാറി. വൈദ്യപരിശോധനക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് യുവതി പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്. കരിപ്പൂർ എയർപോർട്ടിന് സമീപം വെച്ചായിരുന്നു പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി ഡോക്ടറോട് പറഞ്ഞതനുസരിച്ചാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. മജിസ്ട്രേട്ടിൻ്റെ മുന്നിൽ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.