തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകാനിരിക്കെയാണ് യാത്ര റദ്ദാക്കിയത്. ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് നീക്കമെന്നാണ് വിവരം. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും.രണ്ടാഴ്ചത്തെ സന്ദർശനത്തിനായി ഇന്ന് രാത്രിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പിലേക്ക് പുറപ്പെടാനിരുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മന്ത്രി വി. ശിവൻകുട്ടി എന്നിവരടങ്ങുന്നതായിരുന്നു സംഘം. ആദ്യം ഫിൻലാൻഡിലെത്തുമെന്നും അവിടുത്തെ വിദ്യാഭ്യാസ മാതൃക പഠിക്കലാണ് യാത്രയുടെ ലക്ഷ്യമെന്നും അറിയിച്ചിരുന്നു.പിന്നീട് നോർവേയിലേക്ക് പോകുന്ന സംഘത്തിനൊപ്പം മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ ഒപ്പം ചേരും. ശേഷം ഒന്നിച്ച് ബ്രിട്ടണിലേക്ക് പുറപ്പെടുമെന്നും അവിടെ മന്ത്രി വീണാ ജോർജ്ജും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.എന്നാൽ നാളുകളായി ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതോടെ മുഖ്യമന്ത്രിയുടെ യുറോപ്യൻ സന്ദർശനം നീട്ടേണ്ടി വരികയായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്.