സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തിനു സമാപനം കുറിച്ച് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര നടന്നു. മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാർന്ന കലാസാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയുടെ ഭാഗമായി. വിവിധ വകുപ്പുകളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പുകളും ചേർന്ന് അവതരിപ്പിക്കുന്ന 76 പ്ലോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്കു മിഴിവേകി. 10 അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള പ്ലോട്ടുകളും പങ്കെടുത്തു. ഭാരത് ഭവന്‍റെ നേതൃത്വത്തിലായിരുന്നു കലാപരിപാടികൾ. തമിഴ്നാട് ഐടി മന്ത്രി ടി.മനോ തങ്കരാജും ഘോഷയാത്ര കാണാനെത്തിയിരുന്നു. ഘോഷയാത്ര കാണുവാന്‍ പവലിയനുകൾ കാണികളെ കൊണ്ട് നിറഞ്ഞു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ടവരെ റോഡുകൾക്ക് ഇരുവശവും ജനം കാത്തുനിന്നു. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ പ്രത്യേകം തയാറാക്കിയ വിഐപി പവലിയനിലാണ് മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഘോഷയാത്ര കണ്ടത്.