കോഴിക്കോട് മുക്കം കളന്തോട് എം.ഇ.എസ്. കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ കത്തികൊണ്ട് ഒരു വിദ്യാർഥിയുടെ കൈയ്ക്ക് മുറിവേറ്റു. സംഘർഷത്തിൽ പരിക്കേറ്റ 13 വിദ്യാർഥികൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റോഡരികിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ടാണ് നാട്ടുകാരും വിദ്യാർഥികളും തമ്മിൽ തർക്കമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ റോഡിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചായിരുന്നു തർക്കം. ഇതിനിടെ യാതൊരു പ്രകോപനവുമില്ലാതെ നാട്ടുകാരിൽ ഒരാൾ മർദിച്ചെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.