കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ആര് ജാഥ നയിക്കുമെന്ന് തീരുമാനമായിട്ടില്ല. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. രാഹുൽ 24ന് സഹോദരി പ്രിയങ്കയോടൊപ്പം തിരിച്ചെത്തി ജാഥയിൽ വീണ്ടും പങ്കുച്ചേരും.അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ഒക്ടോബർ 8ന് വൈകീട്ട് 5ന് പുറത്തുവിടും. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19ന് നടക്കും. ജാഥയ്ക്കിടയിൽ രാഹുൽ മടങ്ങില്ലെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ പെട്ടെന്നാണ് തീരുമാനം മാറ്റിയത്.കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ഡൽഹി യാത്രയെന്നത് ശ്രദ്ധേയമാണ്. അതായത് ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഉണ്ടാകില്ല. പോപ്പുലർഫ്രണ്ടിന്റെ അനിഷ്ടം ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്ന് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നു. ഗാന്ധി കുടുംബത്തിന്റെ നോമിനിയായ അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാകാനുളള നീക്കമാണ് അണിയറയിൽ നടക്കുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ടിന് താൽപര്യമില്ല. ഒഴിഞ്ഞാൽ തന്നെ തന്റെ നോമിനിയെ മുഖ്യമന്ത്രിയാകണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ശശി തരൂർ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വം പിന്തുണയ്ക്കാൻ സാധ്യത കുറവാണ്.