രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്നി’യെന്ന് അഭിസംബോധന ചെയ്ത് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ഇതിനെ പാർലമെന്റിൽ ബിജെപി അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു സ്മൃതി ഇറാനിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി വാർത്താ സമ്മേളനം നടത്തിയിരുന്നു തുടർന്ന് ലോക്സഭ ചേർന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയർത്തി, രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമനും വിഷയം ഉന്നയിച്ചു. കോൺഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവർ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക് സഭയിൽ ആവശ്യപ്പെട്ടു പരാമർശം ബോധപൂർവമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിർമല സീതാരാമനും പറഞ്ഞു. സഭയ്ക്കകത്തെ പ്രതിഷേധത്തിനു ശേഷം ഭരണപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്ലെകാർഡ് ഉയർത്തി പ്രതിഷേധിച്ചു. തനിക്ക് സംഭവിച്ച നാക്കുപിഴയാണ് ആ പരാമർശമെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.”തനിക്ക് ഒരു നാക്കു പിഴ പറ്റി. പക്ഷെ അതിൽ മാപ്പ് പറയേണ്ട കാര്യമില്ല. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത് ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ വിഷയത്തിൽ അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞുവെന്നാണ് സോണിയാ ഗാന്ധി വ്യക്തമാക്കിയത്.