തെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരേ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാറാതെ എൽഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല. തോൽവിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. എൽഡിഎഫ് കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തോൽവിയിലേക്ക് നയിച്ചെന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ കുറ്റപ്പെടുത്തി. സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ജില്ലാ കമ്മിറ്റികളിൽ നിന്നും വിമർശനം ഉയരുന്നത്. തിരുവനന്തപുരത്ത് മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും ശശി തരൂരിനും രാജീവ് ചന്ദ്രശേഖരനും പിന്നിൽ മൂന്നാംസ്ഥാനത്തായിരുന്നു സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ സ്ഥാനം. ഇതോടെയാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ അഗങ്ങൾ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.