തൃശ്ശൂരിൽ പ്രതീക്ഷിച്ച വോട്ടുപോലും കിട്ടാതെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ തോറ്റതിൽ സംശയം പ്രകടിപ്പിച്ച് സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്ത്. ഇതുസംബന്ധിച്ച് ജനറൽ സെക്രട്ടറി ഡി. രാജ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. വോട്ടെടുപ്പുഫലം വന്നയുടൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിലെത്തി ദേശീയനേതാക്കളെ കണ്ടിരുന്നു.
പരാജയത്തിലേക്കു നയിച്ച സാഹചര്യവും സംഘടനാപരമായ വീഴ്ചകളും സംയുക്തമായി അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സി.പി.എം. നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ബി.ജെ.പി.യുടെ മികച്ച സ്ഥാനാർഥികളാണെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പ്രശംസിച്ചതും വോട്ടെടുപ്പുദിനത്തിൽ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തുറന്നുസമ്മതിച്ചതുമൊക്കെ തോൽവിയുടെ ആക്കംകൂട്ടിയെന്നാണ് സി.പി.ഐ.യുടെ ആരോപണം. ബി.ജെ.പി.ക്ക് വോട്ടുചെയ്യാനുള്ള പ്രചോദനമായിരുന്നു പ്രസ്താവനകളെന്നാണ് വിമർശനം.