Politics

തല്‍ക്കാലം രാജി വേണ്ട; സജി ചെറിയാന് കൂടുതല്‍ സമയം നല്‍കി സിപിഐഎം നേതൃത്വം

Published

on

സജി ചെറിയാന്‍ വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം നേതൃത്വം. സജി ചെറിയാന്‍റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്. രാജി വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. രാജിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടേയെന്ന നിലപാടിലാണ് നിലവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമുള്ളത്. ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന വിശദീകരണത്തെ സിപിഐഎം സെക്രട്ടറിയേറ്റ് ഭാഗികമായെങ്കിലും അംഗീകരിച്ചെന്നാണ് വിവരം. രൂക്ഷമായ വിമര്‍ശനമാണ് സജി ചെറിയാനെതിരെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഐഎം നേതൃത്വം പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന വിധത്തില്‍ പ്രതികരിക്കരുതെന്നും നേതൃത്വം മന്ത്രിയെ ശാസിച്ചു. സെക്രട്ടറിയേറ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നേതാക്കള്‍ മാധ്യമങ്ങളോട് കൂടുതലായൊന്നും പ്രതികരിക്കാന്‍ തയാറായില്ല.

ഭരണഘടനയെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമ്പോഴും താന്‍ രാജിവയ്ക്കില്ലെന്ന പ്രതികരണമാണ് മന്ത്രിയില്‍ നിന്നുണ്ടായത്. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എകെജി സെന്ററില്‍ നിന്ന് പുറക്കേക്കിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തിന് രാജി വയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കൂടുതലൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version