സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയായേക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുസ്ലിംലീഗിന് ക്ലീൻചിറ്റ് നൽകിയതിനെ തുടർന്നുണ്ടായ ചർച്ചകളും യോഗം വിലയിരുത്തും. യുഡിഎഫിനകത്തെ പടല പിണക്കങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് സിപിഐഎം നീക്കം.മന്ത്രിസഭയിലേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. സജി ചെറിയാനെതിരെ ഉണ്ടായിരുന്ന ഒരു കേസ് ഇല്ലാതാകുകയും മറ്റൊരു കേസില്‍ വിധി പറയുകയും ചെയ്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് തടസങ്ങളൊന്നുമില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.