കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും തെറിച്ച് വീണ് പെൺ സുഹൃത്തിന് സാരമായി പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്‍റെ കാറിൽ നിന്നും അതി മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തു. ആറ് ഗ്രാം എം.ഡി.എം.എ യാണ് കുന്നംകുളം പോലീസ് കണ്ടെടുത്തത്. യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പേരകം കാവീട് സ്വദേശി തറയിൽ വീട്ടിൽ അര്‍ഷാദിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ ഡ്രൈവർ സീറ്റിനടിയിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇന്നലെ രാവിലെയാണ് കുന്നംകുളം പട്ടാമ്പി റോഡിൽ വെച്ച് പെരിയമ്പലം ചെറായി സ്വദേശി 37 വയസുള്ള പ്രതീക്ഷ , അർഷാദ് ഓടിച്ചിരുന്ന വാഗ്നർ കാറിൽ നിന്നും തെറിച്ചു വീണത്. സംഭവത്തെ തുടർന്ന് തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭർതൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി രണ്ടാഴ്ചയായി അർഷാദിനോടൊപ്പമാണ് താമസം . ഇതിനിടയിൽ തന്‍റെ മക്കളെ കാണണമെന്ന് യുവതി ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി ഇരുവരും കാറിൽ പോകവേ കുന്നംകുളം കുരിശുപള്ളി ഭണ്ഡാരത്തിൽ നേർച്ച ഇടണമെന്ന് യുവതി ആവശ്യപ്പെട്ടു. തുടർന്ന് കാർ നിർത്തി യുവതിയെ പുറത്തിറക്കി പെട്ടെന്ന് കാറെടുത്തു പോകാൻ അർഷാദ് ശ്രമിച്ചതോടെ യുവതി ഡോറിൽ പിടിച്ചു തൂങ്ങുകയായിരുന്നു. എന്നാൽ അർഷാദ് കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. അൽപ്പ ദൂരം പിന്നിട്ട ശേഷം പെട്ടെന്ന് ബ്രേക്കിട്ടതോടെ യുവതി കാറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നുവെന്ന് അർഷാദ് പോലീസിനോട് പറഞ്ഞു. യുവതിയെ കൊല്ലണമെന്ന് ഉദ്ദേശത്തോടെയാണ് പ്രതി കുറ്റം ചെയ്തതെന്നും മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ഇതിന് കാരണമെന്നും പോലീസ് അറിയിച്ചു.