എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയിലിനെതിരെ നടപടിയുമായി വത്തിക്കാന്‍. മാര്‍ ആന്‍റണി കരിയിലിനോട് സ്ഥാനം ഒഴിയാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ വിളിപ്പിച്ചാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യാനായി നാളെ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് എത്തുന്നുണ്ട്. വത്തിക്കാന്‍റെ നടപടിക്കെതിരെ അതിരൂപതയിലെ വൈദികരും വിശ്വാസികളും രംഗത്തു വന്നിട്ടുണ്ട്. വത്തിക്കാന്‍റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലാപാടിലാണ് ഇവര്‍. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അതിരൂപത ആസ്ഥാനത്ത് വൈദികര്‍ യോഗം ചേർന്നു . എറണാകുളം-അങ്കമാലി അതിരൂപതയില്‍ 50 വര്‍ഷത്തിലധികമായി ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പണം മാത്രമെ അംഗീകരിക്കുവെന്നാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. എന്നാല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടത്തണമെന്നാണ് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവരുടെ നിലപാട്. ഇതേ ചൊല്ലി നാളുകളായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും സീറോ മലബാര്‍ സഭാ നേതൃത്വത്തവും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നാളുകളായി അതിപരൂപതയും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും തമ്മില്‍ ഭിന്നതയിലാണ്. ഇതിനു പിന്നാലെയാണ് കുര്‍ബ്ബാന അര്‍പ്പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും ഉണ്ടായത്. അതിരൂപതയില്‍ ഇപ്പോഴും ജനാഭിമുഖ കുര്‍ബ്ബാന തന്നെയാണ് ചൊല്ലുന്നത്. ഇതിനെ പിന്തുണയ്ക്കുന്നതിനെ തുടര്‍ന്നാണ് മാര്‍ ആന്‍റണി കരിയിലിനെതിരെ വത്തിക്കാന്‍ നടപടിയെടുക്കുന്നതെന്നാണ് സൂചന.