എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം.നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തിെൻറ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു. ബഡുക്കൂസ്, ലൊഡുക്കൂസ്, ച്ചിരിപ്പിടിയോളം, ബുദ്ദൂസ്, ഉമ്മിണിശ്ശ, ഇമ്മിണി ബല്യ ഒന്ന് തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ബഷീർ കൃതികളുടെ പ്രത്യേകതയാണ്. തീവ്രമായ ജീവിതാനുഭവങ്ങളാണ് ബഷീർ രചനകളുടെ ആണിക്കല്ല്.