ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൂവാറ്റുപുഴ സബയ്ന്‍ ആശുപത്രിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡോക്ടര്‍ക്കും പിആര്‍ഒയ്ക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ കൈയ്യേറ്റം ഉണ്ടായത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. ദമ്പതികളുടെ ബന്ധുക്കളാണ് ആശുപത്രിയിലെത്തി പ്രശ്‌നമുണ്ടാക്കിയതെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. പേഴയ്ക്കാ പിള്ളി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യുവതിക്ക് സ്‌കാനിങ് നടത്തിയപ്പോള്‍ കുട്ടിക്ക് പ്രശ്‌നമുളളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത് കേള്‍ക്കാതെ ദമ്പതികള്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീട്ടിലെത്തിയ ശേഷം ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് തോന്നിയതോടെയാണ് ഇവര്‍ വീണ്ടും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. വിവരം ഉടന്‍ തന്നെ ദമ്പതികളെ ആറിയിച്ചിരുന്നുവെന്നും വിവരമറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.