പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 20 ശതമാനത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് . രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ദിവസവും അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. എറണാകുളം ജില്ലയിൽ ഈ മാസം ഇതുവരെ 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിന് മുൻപ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടായത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ.