പാലക്കാട്- ഗുരുവായൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്‍റെ അമിത
വേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത വേഗതയ്ക്ക് പൂട്ടിടാന്‍ ഒരുങ്ങുന്നത്. ഇന്ന് മുതല്‍ ഏഴ് ദിവസം ഈ റൂട്ടിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തും. അമിതവേഗതയാകും പ്രധാനമായും നിരീക്ഷിക്കുക. ഇതിന് പുറമേ എയര്‍ ഹോണിന്‍റെ ഉപയോഗം, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എക്സ്ട്രാ ഫിറ്റിംഗ്സുള്ള ബസുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. നേരത്തെ യുവതി തടഞ്ഞ രാജപ്രഭ ബസിലെ കണ്ടക്ടറുടെയും, ഡ്രൈവറുടെയും ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പട്ടാമ്പി ജോയിന്‍റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.