മൂന്നാര്‍ കാണാന്‍ മോഹം…..അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടില്‍ നിന്നു പണവും സ്‌കൂട്ടറും മോഷ്ടിച്ച് കടന്ന പതിനേഴുകാരന്റെ നാടകം പൊളിഞ്ഞതിങ്ങനെ…..
വീട്ടില്‍ നിന്നു പണവും സ്‌കൂട്ടറും മോഷ്ടിച്ച് മൂന്നാര്‍ കാണാന്‍ വന്ന പതിനേഴുകാരനെ ലോഡ്ജില്‍ നിന്നു പൊലീസ് കണ്ടെത്തി. എറണാകുളം ഊന്നുകല്‍ സ്വദേശിയായ പതിനേഴുകാരന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകമാണു പൊലീസ് ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു പോയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഊന്നുകല്ലില്‍ നിന്നു പതിനേഴുകാരനെ കാണാതായത്. മാത്രവുമല്ല വീട്ടില്‍ നിന്ന് 20,000 രൂപയും സ്‌കൂട്ടറും കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഊന്നുകല്‍ പൊലീസ് എല്ലാ സ്റ്റേഷനുകളിലും വിവരം അറിയിച്ചു. മൂന്നാര്‍ എസ്എച്ച്ഒ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തില്‍ ടൗണിലെ നിരീക്ഷണ ക്യാമറകളെല്ലാം പരിശോധിച്ചു. ആ സമയത്താണ് ബാലന്‍ സ്‌കൂട്ടറില്‍ ടൗണിലെത്തുന്നതും ഗാന്ധി പ്രതിമയ്ക്കു സമീപമുള്ള ലോഡ്ജില്‍ മുറിയെടുക്കുന്നതും കണ്ടത്. മൂന്നാര്‍ കാണുക എന്നത് ഏറെക്കാലത്തെ ആഗ്രഹമാണെന്നും അതുകൊണ്ടാണ് പണം മോഷ്ടിച്ച് പോന്നതെന്നുമാണ് പതിനേഴുകാരന്റെ മൊഴി. സ്‌കൂട്ടറും 17,000 രൂപയും പൊലീസ് കണ്ടെടുത്തു. ഒടുവില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി തന്നെ മാതാപിതാക്കള്‍ക്കൊപ്പം പതിനേഴുകാരനെ പറഞ്ഞുവിട്ടു.