കഴിഞ്ഞ ദിവസം അറസ്റ്റിലായ ആൻറണി സണ്ണി 8 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പൊലീസ്.അർബൻ നിധിക്കു പുറമേ സഹസ്ഥാപനമായ ‘എനി ടൈം മണി’ തുടങ്ങിയതാണ് സാമ്പത്തിക പ്രതിസന്ധിയും പിന്നീട് തട്ടിപ്പിലേക്ക് നയിച്ചതെന്നുമാണ് ആന്റണി സണ്ണി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. നിക്ഷേപ തട്ടിപ്പിലൂടെ നേടിയ 8 കോടി രൂപ ആഡംബര കാറും ലോറികളും വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് ആന്റണി പൊലീസിനോട് പറഞ്ഞത്.ബംഗലൂരു, നാഗ്പൂർ എന്നിവിടങ്ങളിൽ വിവിധ ബാങ്കുകളിലായി ആന്റണിക്ക് നിക്ഷേപമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പേരിലാണ് ഇവിടങ്ങളിൽ പണം നിക്ഷേപിച്ചിട്ടുള്ളത്. ഇതുവരെ ലഭിച്ച പരാതികളിൽ നിന്നും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് 45 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി, അർബൻ നിധി അസിസ്റ്റന്റ് ജനറൽ മാനേജർ എന്നിവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു.