കിഴക്കിന്‍റെ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പുണ്യദിനങ്ങളിലൊന്നാണ് ഏകാദശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്ന തെന്നാണ് വിശ്വാസം. ഭഗവാന്‍ ഗീതോപദേശം നല്കിയതും ഈ ദിവസം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. ഏകാദശി നാളില്‍ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും ഐതീഹ്യമുണ്ട് . ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളിൽ ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ഇവിടുത്തെ ഐതിഹ്യങ്ങൾ പറയുന്നതനുസരിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിക്കപ്പെടുന്ന വിഗ്രഹം നിർമ്മിച്ചത് വൈകുണ്ഠ നാഥൻ തന്നെയാണത്രെ. കാലാകാലങ്ങളിൽ ഈ വിഗ്രഹം ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ തുടങ്ങിയവരാൽ ആരാധിക്കപ്പെടുകയും പൂജ ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ശ്രീ കൃഷ്ണനും ഇതേ വിഗ്രഹത്തിൽ പൂജ നടത്തിയിട്ടുണ്ടെന്നും പറയുന്നു. പിന്നീട് ശ്രീകൃഷ്ണന്റെ നഗരമായ ദ്വാരക വെള്ളത്തിനടിയിലായപ്പോൾ ദേവഗുരുവായ ബൃഹസ്പതി വിഗ്രഹം വെള്ളത്തിൽ ഒഴുകി നടക്കുന്ന രീതിയിൽ കണ്ടെത്തി. ഈ വിഗ്രഹത്തെ വായൂ ദേവന്‍റെ സഹായത്താൽ കരയ്ക്കെത്തിക്കുകയും ഒടുവിൽ അത് പ്രതിഷ്ഠിക്കുവാനായി ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. ശേഷം ശിവന്റെയും മറ്റു ദേവഗണങ്ങളുടെയും സഹായത്തോടെ പ്രതിഷ്ഠ നടത്തുകയും ദേവശില്പിയായ വിശ്വകർമ്മാവ് ഇവിടെ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ദേവഗുരുവായ ബൃഹസ്പതിയും വായൂ ദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാലാണ് ഇത് ഗുരുവായൂർ എന്നറിയപ്പെടുന്നത്. ഈ ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. ഇന്നും നാളെയുമാണ് പ്രശസ്‌തമായ ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത്. രണ്ടു ദിവസമായി ഇത്തവണത്തെ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതിനാൽ പൂജകളിലും ചടങ്ങുകളിലും ഈ വ്യത്യാസം കാണാം. സാധാരണ ഏകാദശി ആചരണത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളത്ത് നാലു ദിവസമാണ് ഉണ്ടാവുക. എന്നാൽ ഇത്തവണ അഞ്ചു ദിവസം സ്വർണ്ണക്കോലം എഴുന്നള്ളത്തുണ്ട്. എൺപത് മണിക്കൂർ ദർശന സമയം ലഭിക്കുമെന്നതും ഈ ഏകാദശിയുടെ പ്രത്യേകതയാണ്.