തിരുവനന്തപുരത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്ന് പുലര്‍ച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റം നടന്നു. തേവാരപ്പുരയില്‍, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍ നിന്ന് സ്വീകരിച്ച് സംസ്ഥാന ദേവസ്വം വകുപ്പ്മന്ത്രി കെ. രാധാകൃഷ്ണന്‍ ആചാരപ്രകാരം തമിഴ്‌നാട് ദേവസ്വം മന്ത്രി പി. കെ ശേഖര്‍ ബാബുവിനും തമിഴ്‌നാട് എച്ച് ആന്റ് സി കമ്മീഷണര്‍ ജെ. കുമാരഗുരുബരനും കൈമാറി. ഇവരില്‍ നിന്നും ശുചീന്ദ്രം ദേവസ്വത്തിലെ ജീവനക്കാരന്‍ സുദര്‍ശന്‍ ഉടവാള്‍ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, കന്യാകുമാരി ജില്ലാ കളക്ടര്‍ എം. അരവിന്ദ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍, കന്യാകുമാരി സബ് കളക്ടര്‍ ഡോ. പി അലര്‍മേല്‍മങ്കൈ, കൊട്ടാരം ചാര്‍ജ് ഓഫീസര്‍ സി. എസ്. അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.