എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.