ലോക സിനിമയുടെ ഗതി മാറ്റത്തിന് വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ വിഖ്യാത സംവിധായകൻ ഷീൻ ലുക് ഗൊദാർദ് (91) അന്തരിച്ചു. ബ്രത്‌ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലൂടെ ലോക സിനിമകളുടെ വ്യാകരണം തന്നെ മാറ്റിയെഴുതിയ അദ്ദേഹം 45 സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. 2021ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ആജീവനാന്ത സംഭാവനയ്ക്കു നൽകുന്ന രാജ്യാന്തര പുരസ്കാരം നൽകി കേരളവും അദ്ദേഹത്തെ ആദരിച്ചിരുന്നു. 1950-60-കളിൽ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് വിടവാങ്ങുന്നത്. സംവിധായകൻ, നടൻ, സിനിമാ നിരൂപകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.