സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തേക്ക് അഞ്ചുകിലോ അരി വീതം നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നാളെ നടക്കും. ഉച്ചക്കഴിഞ്ഞ് ബീമാപ്പള്ളി യുപി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം നിർവഹിക്കും. 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്കാണ് അഞ്ച് കിലോ അരി വീതം സംസ്ഥാന സർക്കാർ നൽകുന്നത്. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. അരി സ്കൂളുകളിൽ എത്തിക്കുന്നതിന്റെ ചെലവുകൾക്ക് സർക്കാർ 71.86 ലക്ഷം അനുവദിച്ചു. ഇതിനകം സ്കൂളുകളില്‍ അരിവിതരണം ആരംഭിച്ചിട്ടുണ്ട്. 31നകം അരിവിതരണം പൂർത്തിയാക്കണം.