ലഹരിക്കെതിരെ ഒന്നിച്ച് അണിനിരക്കാൻ പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടപ്പാക്കുന്ന ലഹരി വിമുക്ത ക്യാമ്പയിന് തുടക്കം. ‘കിക് ഇറ്റ്, ബിഫോർ ഇറ്റ് കിക്സ് യു’ എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 1 വരെ വിവിധ പരിപാടികളോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ, ലഹരിക്കെതിരെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കൽ, സൈക്കിൾ റാലി, കലാജാഥകൾ, ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങി പരിപാടികൾ ക്യാമ്പയിൻ്റെ ഭാഗമായി നടക്കും. നവംബർ 1ന് പൊതു ജനപങ്കാളിത്തത്തോടെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും അണിനിരക്കും.
ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഉദ്ഘാടനം നഗരസഭ കോൺഫറൻസ് ഹാളിൽ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം സുരേഷ് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ സിനോജ് നഗരസഭയുടെ ഔദ്യോഗിക ലോഗോ ‘കവചം’ പ്രകാശനം ചെയ്തു. ലഹരിവർജ്ജനത്തിൻ്റെ ആവശ്യകതയും അതുമൂലമുള്ള ശാരീരിക, സാമൂഹിക, സാമ്പത്തിക, പ്രശ്നങ്ങളും സംബന്ധിച്ച് അഡ്വ.സോന പി ചാക്കോ ക്ലാസെടുത്തു.