മലപ്പുറം തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ വെട്ടുകത്തിയുമായി മദ്യപാനിയുടെ പരാക്രമം. മദ്യം വാങ്ങാനെത്തിയ മറ്റൊരാൾക്ക് നേരേയാണ് മദ്യലഹരിയിലായിരുന്ന അക്രമി കത്തിവീശിയത്. രണ്ടുദിവസം മുൻപുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.വെട്ടുകത്തിയുമായി ഔട്ട്ലെറ്റിന് മുന്നിലെത്തിയയാൾ മറ്റൊരാൾക്ക് നേരേ പലതവണ കത്തിവീശി ഭീഷണിപ്പെടുത്തുന്നതും ഷർട്ടിൽ കുത്തിപ്പിടിച്ച് തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.മാസങ്ങൾക്ക് മുൻപും തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ അക്രമസംഭവങ്ങളുണ്ടായിരുന്നു. മദ്യലഹരിയിലെത്തിയ യുവാക്കളാണ് അന്ന് അക്രമംഅഴിച്ചുവിട്ടത്. മദ്യം വാങ്ങാനെത്തിയ മറ്റൊരാളെ യുവാക്കൾ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും മർദിക്കുകയുമായിരുന്നു.ചമ്രവട്ടം റോഡിലെ കെ.ജി.പടിയിലാണ് തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റുള്ളത്. മദ്യലഹരിയിലുള്ള സംഘർഷങ്ങളും അടിപിടികളും ഇവിടെ പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.