കൊല്ലം പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമായിരുന്നു സംഭവം. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടില്‍ നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനെ തീ പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. തീയും പുകയും ഉയരുന്നത് കണ്ട് അതുവഴി വന്നയാള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്തെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. കാറിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ തുറക്കാനായില്ല. വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമവും വിഫലമായി. തുടര്‍ന്ന് പരവൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കാര്‍ കത്തുന്നതിന് മുമ്പ് സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും തെളിവെടുത്തു. മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.