തമിഴ്‌നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച മുട്ട കള്ളന്മാർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജ്ജുൻ കെ വി (32) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 75,000 രൂപ വിലവരുന്ന 15,000 ത്തോളം കോഴി മുട്ടകളും, ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയുമാണ് ഇവർ മോഷ്ടിച്ചത്.
മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രി ഗുഡ്‌സ് ഓട്ടോയിൽ എത്തിയ ഡ്രൈവറെ കബളിപ്പിച്ചായിരുന്നു മോഷണം. വാഹനം റോഡിന് സമീപം നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ മറ്റൊരു വാഹനത്തിലെത്തി ഗുഡ്‌സ് ഓട്ടോ സഹിതം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് വണ്ടിയിൽ നിന്ന് മുട്ടകൾ പാസഞ്ചർ ഓട്ടോയിൽ കയറ്റി കച്ചവടം നടത്തി. കോഴിക്കോട് നഗരത്തിലെ വലിയ സൂപ്പർ മാർക്കറ്റുകളിൽ എത്തിച്ചാണ് മുട്ടകൾ വിറ്റത്. മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായിട്ടാണ് മോഷണം നടത്തിയത്.